Sports
മിലാൻ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി നോർവെ. ഞായറാഴ്ച നടന്ന യോഗ്യതാ മത്സരത്തിൽ കരുത്തരായ ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
നോർവെയ്ക്ക് വേണ്ടി സൂപ്പർ താരം എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും അന്റോണിയോ നൂസയും യോർഗെൻ സ്ട്രാൻഡ് ലാർസനും ഓരോ വീതവും നേടി. പിയോ എസ്പോസിറ്റോ ആണ് ഇറ്റലിക്കായി ഗോൾ സ്കോർ ചെയ്തത്.
മത്സരത്തിൽ പരാജയപ്പെട്ടതോടെ ലോകകപ്പ് യോഗ്യതയ്ക്കായി ഇറ്റലിക്ക് പ്ലേ ഓഫിൽ കളിക്കണം. ഗ്രൂപ്പ് ഐയിൽ 24 പോയിന്റുമായി നോർവെ ഒന്നാം സ്ഥാനത്തും 18 പോയിന്റുമായി ഇറ്റലി രണ്ടാം സ്ഥാനത്തുമാണ് ഫിനീഷ് ചെയ്തത്.
Sports
ഓസ്ലോ: ഫിഫ 2026 ലോകകപ്പ് യോഗ്യതയിലേക്ക് ഒരു ചുവടുകൂടി വച്ച് എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ. യൂറോപ്യന്‍ യോഗ്യതയില്‍ ഗ്രൂപ്പ് ഐയില്‍ നോര്‍വെ 4-1ന് എസ്റ്റോണിയയെ തകര്ത്തതോടെയാണിത്. മത്സരത്തില്‍ അലക്സാണ്ടര്‍ സോര്‍ലോത്തും (50, 52), എര്‍ലിംഗ് ഹാലണ്ടും (56, 62) ഇരട്ടഗോള്‍ സ്വന്തമാക്കി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇറ്റലി 2-0ന് മോള്‍ഡോവയെ തോല്‍പ്പിച്ചു.
ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 21 പോയിന്റുമായി നോര്‍വെ ഒന്നാം സ്ഥാനത്തു തുടരുന്നു. രണ്ടാമതുള്ള ഇറ്റലിക്ക് 18 പോയിന്റുണ്ട്. ഗ്രൂപ്പില്‍നിന്നു നേരിട്ടുള്ള ലോകകപ്പ് ടിക്കറ്റിനായി നോര്‍വെയും ഇറ്റലിയും ഏറ്റുമുട്ടും.
ചുരുങ്ങിയത് 10-0ന് എങ്കിലും നോര്‍വെയെ തോല്‍പ്പിച്ചാല്‍ മാത്രമേ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇറ്റലിക്ക് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കാന്‍ സാധിക്കൂ. അല്ലെങ്കില്‍ 1998നുശേഷം നോര്‍വെ ആദ്യമായി ലോകകപ്പ് കളിക്കും. തുടര്‍ച്ചയായ മൂന്നാം തവണയും ലോകകപ്പിനെത്തിയേക്കില്ലെന്ന ഭീഷണിയിലാണ് ഇറ്റലി.
Sports
ഡബ്ലിന്‍/പാരീസ്/ലണ്ടന്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിന്റെ അവസാന ഘട്ടത്തിന് ഇന്നു കിക്കോഫ്. 2026 ലോകകപ്പിലേക്കു നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ ചിത്രം ഇന്നാരംഭിക്കുന്ന നവംബര്‍ ഫിഫ രാജ്യാന്തര വിന്‍ഡോയിലൂടെ വ്യക്തമാകും. പിന്നീടുള്ളത് പ്ലേ ഓഫ് വഴിയുള്ള അവസാന ടിക്കറ്റുകള്‍ മാത്രം. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ട് പൂര്‍ത്തിയായതോടെ കാല്‍പ്പന്ത് ആരാധകര്‍ കണ്ണെറിയുന്നത് യൂറോപ്പിലേക്ക്.
യൂറോപ്പില്‍നിന്ന് നേരിട്ട് യോഗ്യത നേടുന്ന ടീമുകളുടെ പൂര്‍ണ ചിത്രം ഈ മാസം 19നു പൂര്‍ണമാകും. യൂറോപ്പില്‍നിന്ന് ഇതുവരെ ഇംഗ്ലണ്ട് മാത്രമാണ് 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത സ്വന്തമാക്കിയത്.ചരിത്രത്തില്‍ ആദ്യമായി 48 ടീം പങ്കെടുക്കുന്ന ലോകകപ്പ് എന്ന വിശേഷമാണ് 2026നുള്ളത്.
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി 2026 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കും. ആതിഥേയരുള്‍പ്പെടെ ഇതുവരെ 28 ടീമുകളാണ് ലോകകപ്പ് യോഗ്യത നേടിയത്; ശേഷിക്കുന്നത് 20 ടിക്കറ്റുകള്‍.
യൂറോപ്പില്‍ തീപ്പൊരി
യൂറോപ്പില്‍നിന്നുള്ള യോഗ്യതയ്ക്കായി നോര്‍വെ, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകള്‍ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് നോര്‍വെയുടെ മത്സരം. എസ്റ്റോണിയയാണ് എതിരാളികള്‍. അര്‍ധരാത്രി പിന്നിടുമ്പോള്‍ (1.15 am) ഫ്രാന്‍സ് യുക്രെയ്നെയും പോര്‍ച്ചുഗല്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെയും നേരിടും. ഇറ്റലിയാണ് യോഗ്യതയ്ക്കായി പോരാട്ടരംഗത്തുള്ള മറ്റൊരു ടീം. മോള്‍ഡോവയെ നേരിടുന്ന ഇറ്റലിക്ക് നേരിട്ട് യോഗ്യത ലഭിക്കാനുള്ള സാധ്യത വിരളമാണ്. അതേസമയം, പ്ലേ ഓഫ് ടിക്കറ്റ് ഇതിനോടകം ഉറപ്പിച്ചുകഴിഞ്ഞു.
പോര്‍ച്ചുഗല്‍, നോര്‍വെ, സ്പെയിന്...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ എവേ പോരാട്ടത്തില്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിനെ നേരിടും. ജയിച്ചാല്‍ റൊണാള്‍ഡോയും സംഘവും മറ്റു ടീമുകളുടെ മത്സരഫലം കാത്തുനില്‍ക്കാതെ 2026 ലോകകപ്പ് ടിക്കറ്റ് ഉറപ്പിക്കും. ഗ്രൂപ്പ് എഫില്‍ നാലു മത്സരങ്ങളില്‍നിന്ന് 10 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. ഗ്രൂപ്പിലെ ഹംഗറി x അര്‍മേനിയ മത്സരം സമനിലയില്‍ കലാശിച്ചാലും പോര്‍ച്ചുഗലിനു യോഗ്യത ലഭിക്കും.
ഗ്രൂപ്പ് ഐയില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ നോര്‍വെ ഇറങ്ങുന്നതും ലോകകപ്പ് ടിക്കറ്റിലേക്ക് ഒരു ജയമെന്ന അവസ്ഥയിലാണ്. എസ്റ്റോണിയയെ തോല്‍പ്പിച്ചാല്‍ മറ്റുള്ള ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ നോര്‍വെ ലോകകപ്പ് ടിക്കറ്റ് സ്വന്തമാക്കും. 1998നുശേഷം ആദ്യമായി ലോകകപ്പ് കളിക്കാനുള്ള തയാറെടുപ്പിലാണ് നോര്‍വെ.
ഗ്രൂപ്പ് ഡിയില്‍ യുക്രെയ്നെ ഈ രാത്രിയില്‍ നേരിടുന്ന ഫ്രാന്‍സിനും ഒരു ജയമകലെ ലോകകപ്പ് ടിക്കറ്റുണ്ട്. സ്പെയിന്, സ്വിറ്റ്സര്‍ലന്‍ഡ്, ബെല്‍ജിയം, ഓസ്ട്രിയ ടീമുകള്‍ക്കും ഒരു ജയമകലെ ലോകകപ്പ് ടിക്കറ്റ് കാത്തിരിക്കുന്നു.
Sports
ലണ്ടന്‍/ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്.
നാലാം റൗണ്ട് പോരാട്ടത്തില്‍ തന്റെ പഴയ ക്ലബ്ബായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെതിരേ ഗോള്‍ നേടിയതോടെയാണ് ഹാലണ്ട് ചരിത്രത്താളില്‍ ഇടം നേടിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ മൂന്നു ക്ലബ്ബിനായി തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന ആദ്യതാരമെന്ന റിക്കാര്‍ഡാണ് ഹാലണ്ട് കുറിച്ചത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ആര്‍ബി സാല്‍സ്ബര്‍ഗ് ടീമുകള്‍ക്കായും തുടര്‍ച്ചയായ അഞ്ച് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഹാലണ്ട് ഗോള്‍ നേടിയിരുന്നു.
4-1നു സിറ്റി ജയിച്ച മത്സരത്തില്‍ 29-ാം മിനിറ്റിലായിരുന്നു ഹാലണ്ടിന്റെ ഗോള്‍. ഫില്‍ ഫോഡന് (22, 57) ഇരട്ടഗോള്‍ നേടി. റയാന് ചെര്‍ക്കിയുടെ (90+1) വകയായിരുന്നു മറ്റൊരു ഗോള്‍. ചാമ്പ്യന്‍സ് ലീഗില്‍ ഫോഡന്റെ ആദ്യ ഇരട്ടഗോള്‍ നേട്ടമാണ്. ചാമ്പ്യന്‍സ് ലീഗില്‍ 20 ഗോള്‍ തികയ്ക്കുന്ന ഏഴാമത് ഇംഗ്ലീഷ് താരമെന്ന നേട്ടത്തിനും ഫോഡന് അര്‍ഹനായി.
യമാലിന്റെ ബാഴ്സ കുടുങ്ങി
സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ എവേ പോരാട്ടത്തില്‍ ക്ലബ് ബ്രൂഷിനോട് 3-3ന്റെ അപ്രതീക്ഷിത സമനില വഴങ്ങി. 77-ാം മിനിറ്റില്‍ പിറന്ന സെല്‍ഫ് ഗോളിലാണ് ബാഴ്സ സമനിലയോടെ രക്ഷപ്പെട്ടത്. ഫെറാന്‍ ടോറസ് (8), ലാമിന് യമാല്‍ (61) എന്നിവരായിരുന്നു ബാഴ്സയുടെ ഗോള്‍ സ്കോറര്‍മാര്‍. അതേസമയം, കാര്‍ലോസ് ഫോബ്സ് (17, 63) ബ്രൂഷിനായി ഇരട്ടഗോള്‍ സ്വന്തമാക്കി.
എംബപ്പെയ്ക്കൊപ്പം യമാൽ
ഈ സീസണില്‍ 15 മത്സരത്തിനുള്ളില്‍ രണ്ടാം തവണയാണ് ബാഴ്സ 3+ ഗോള്‍ വഴങ്ങുന്നത്. ഗോള്‍ നേടിയതോടെ ലാമിന് യമാല്‍ ചാമ്പ്യന്‍സ് ലീഗ് റിക്കാര്‍ഡ് ബുക്കില്‍ ഇടംനേടി. ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ പങ്കാളിത്തം നടത്തുന്ന അണ്ടര്‍ 18 താരങ്ങളില്‍ കിലിയന്‍ എംബപ്പെയ്ക്കൊപ്പമെത്തി (13) യമാല്‍.
2,500 മൈല്‍; ചെല്‍സി തളര്‍ന്നു
ഇംഗ്ലീഷ് ക്ലബ് ചെല്‍സി എവേ പോരാട്ടത്തില്‍ അസര്ബൈജാന് ടീമായ എഫ്കെ ഖരാബാഗിനോട് 2-2 സമനില വഴങ്ങി. യൂറോപ്പിന്റെ കിഴക്കേ അറ്റത്തുള്ള ബാകുവിലേക്ക് 2,500 മൈല്‍ ദൂരം യാത്ര ചെയ്തു തളര്‍ന്നായിരുന്നു ചെല്‍സി താരങ്ങള്‍ കളത്തിലെത്തിയത്. എസ്റ്റേവോയിലൂടെ 16-ാം മിനിറ്റില്‍ ലീഡ് നേടിയശേഷമായിരുന്നു ചെല്‍സിയുടെ സമനില.
നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാന് ഹോം മത്സരത്തില്‍ 2-1ന് കൈരാത് അല്മാട്ടിയെയും ന്യൂകാസില്‍ യുണൈറ്റഡ് 2-0ന് അത് ലറ്റിക്കോ ബില്‍ബാവോയെയും തോല്‍പ്പിച്ചു.
നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബയേണ്‍ മ്യൂണിക്, ആഴ്സണല്‍, ഇന്റര്‍ മിലാന് ടീമുകളാണ് മുഴുവന്‍ ജയത്തോടെ ആദ്യ മൂന്നു സ്ഥാനങ്ങളില്‍.